ദില്ലി: തീരദേശത്തെ നിര്‍മാണത്തിന് ഇളവ് നല്‍കി തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി. തീരദേശത്തെ നിർമ്മാണത്തിനും വിനോദ സഞ്ചാരത്തിനും ഇളവ് നൽകി തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്‍റെ പുതിയ വിജ്ഞാപനം.

തീരദേശപരിപാലന നിയമത്തിൽ ഇളവ് വേണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ വിജ്ഞാപനം. ജനസാന്ദ്രതയേറിയ ഗ്രാമീണ മേഖലയിൽ വേലയേറ്റ പരിധിയിൽ അന്‍പതു മീറ്റര്‍ കടന്നാൽ നിര്‍മാണം ആകാം. 2011 ലെ വി‍‍‍‍ജ്ഞാപനപ്രകാരം 200 മീറ്റര്‍ വരെ നിര്‍മാണം നിരോധിച്ചിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററിൽ ജനസംഖ്യ 2161 ഉള്ള സ്ഥലമാണ് ജനസാന്ദ്രതയേറിയ പ്രദേശമായി കണക്കാക്കുന്നത്. നഗരമേഖലയിൽ വലിയ കെട്ടിടടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1991 ലെ ഡെവല്പമെന്‍റ് കണ്‍ട്രോള്‍ റഗുലേഷൻ എടുത്തുകളഞ്ഞു.

കായൽ തുരുത്തുകളിൽ 20 മീറ്റര്‍ വിട്ട് നിര്‍മാണമാകാം. ബീച്ചുകളിൽ 10 മീറ്റര്‍ വിട്ട് വിനോദ സഞ്ചാരാവശ്യത്തിനായി താല്‍ക്കാലിക നിര്‍മാണവും ആകാം. പ്രതിരോധന തന്ത്ര പ്രധാന പദ്ധതികള്‍ക്ക് സന്പൂര്‍ണ ഇളവും അനുവദിച്ചു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിന് മാത്രമേ കേന്ദ്രത്തിന്‍റെ പരിസ്ഥിതി അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി മതി.