പ്രളയക്കെടുതിയുടെ ദുരിതാശ്വാസത്തിന് വിദേശസഹായം വാങ്ങില്ലെന്ന നിലപാടിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ അറിയിച്ചത് പ്രകാരം ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്‍റെ സഹായം തേടേണ്ട എന്ന നിലപാടിലാണ് വിദേശകാര്യമന്ത്രാലയം.

ദില്ലി: പ്രളയക്കെടുതിയുടെ ദുരിതാശ്വാസത്തിന് വിദേശസഹായം വാങ്ങില്ലെന്ന നിലപാടിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ അറിയിച്ചത് പ്രകാരം ദുരിതാശ്വാസത്തിന് വിദേശസഹായം വേണ്ടെന്നത് പോലെ തന്നെ പുനര്‍നിര്‍മാണത്തിന് വിദേശ സര്‍ക്കാറിന്‍റെ സഹായം തേടേണ്ട എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ടെന്നും പുനര്‍നിര്‍മാണത്തിന് സഹായം ആവശ്യമാണെന്നും അത് പരിഗണിക്കണമെന്നും കേരളം ആവശ്യം ഉയര്‍ത്തിയിരുന്നു. 

അതേസമയം തന്നെ മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്നതുമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമം പരിശോധിച്ച ശേഷമേ അനുകൂല അനുമതി നല്‍കുകയുള്ളൂ എന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. മറ്റ് രാജ്യങ്ങളിലെ നിയമങ്ങള്‍ പ്രകാരം ചിലയിടങ്ങളില്‍ പിരിവ് അനുവദനീയമല്ല. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ യാത്രകൾക്ക് കേന്ദ്രാനുമതി ലഭിക്കൂ.ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ ഇതര വിദേശ ഫണ്ടിന് തടസമില്ലെന്നും വിദേശകാര്യമന്ത്രാലയം നിലപാടെടുക്കുന്നു.

വിദേശത്ത് പോയി ധനശേഖരണം നടത്താന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ഒരുക്കങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ തീരുമാനം. അതേസമയം വിദേശ സര്‍ക്കാര്‍ ഇതര സഹായങ്ങള്‍ക്ക് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതിനാല്‍ വിദേശ രാജ്യങ്ങളിലെ ഫണ്ട് ശേഖരണത്തിന് തടസമുണ്ടാകില്ലെന്നാണ് വിലിയരുത്തല്‍.