കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വർധിപ്പിച്ച് കേന്ദ്ര സർക്കാർ സാധാരണക്കാരുടെ രക്തം ഊറ്റുകയാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പെട്രോൾ വില ബാരലിന് 70 ഡോളറായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല.

ഈ സർക്കാരിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ബാരലിന് 140 ഡോളറിൽ നിന്ന് 40 ഡോളറായിട്ടും വില കുറച്ചില്ല. ലോകം സാമ്പത്തിക വളർച്ചയിലേക്ക് കുതിക്കുമ്പോൾ ഇന്ത്യ പുറകിലേക്ക് പോകുന്നു. ആദ്യ മൂന്ന് വർഷം ഈ സർക്കാർ കർഷകരെ വഞ്ചിച്ചു. 

താങ്ങുവില പോലും നൽകിയില്ല. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വളർച്ചയില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ 2022ൽ പുതിയ ഇന്ത്യ നൽകുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. പഴയ ഇന്ത്യയിൽ ഇതിലും സാമ്പത്തിക വളർച്ചയുണ്ടായിരുന്നു. ദയവായി ആ പഴയ ഇന്ത്യ തിരികെ തന്നാൽ മതി.