ദില്ലി: ദയാവധത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദയാവധത്തിന് നിയമസാധുത നല്‍കുന്നത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റെ മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ദയാവധം മൗലിക അവകാശമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സന്നദ്ധ സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. നേരത്തെ അരുണ ഷാന്‍ ഭാഗ് കേസില്‍ സ്വീകരിച്ച അതേ നിലപാടാണ് പുതിയ കേസിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. കേസില്‍ വാദംകേള്‍ക്കല്‍ നാളെയും തുടരും.
ബലാല്‍സംഗത്തിന് ഇരയായി ശരീരം തളര്‍ന്ന് അബോധാവസ്ഥയിലായ മുംബൈയിലെ നഴ്‌സ് അരുണാഷാന്‍ ഭാഗിന് സുപ്രീംകോടതി ദയാവധം നിഷേധിച്ചിരുന്നു. 42 വര്‍ഷം ആശുപത്രി കിടക്കയില്‍ കിടന്ന് 2015ല്‍ അരുണ ഷാന്‍ ഭാഗ് മരിച്ചു. അതിന് ശേഷമാണ് ദയാവധം മൗലിക അവകാശമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്.
