ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനാലാണ് ഐക്യാരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം പറയുന്നു. 

ദില്ലി: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ സ്ഥിതികള്‍ ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനാലാണ് ഐക്യാരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രം പറയുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണ് അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര തീരുമാനം എന്ന് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചത്. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ ഈ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ പുനര്‍നിര്‍മ്മാണ ഘട്ടത്തില്‍ ഈ സഹായം ഉപയോഗിക്കണോ എന്നത് കേന്ദ്രം പിന്നീട് തീരുമാനിക്കും.കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര‍് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. 

നിരവധി വീടുകള്‍ പുനര്‍നിര്‍മാണം നടത്തേണ്ടതുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവില്‍ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 

ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങള്‍ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ സഹായമടക്കമുള്ള കാര്യങ്ങളും കേന്ദ്രത്തിന്‍റെ പരിഗണനയിലേക്കെത്തുന്നതും, തള്ളുന്നതും.