മറ്റു വൈറസുകളെ പോലെ കൂടുതൽ ദൂരം സഞ്ചരിക്കാൻ നിപ വൈറസിന് സാധിക്കില്ല.
കോഴിക്കോട്: നിപ വൈറസിനെ തുടർന്ന് പത്ത് പേർ മരിച്ച കോഴിക്കോട് കേന്ദ്രസർക്കാർ അയച്ച വിദഗ്ദ്ധസംഘം പരിശോധന നടത്തി. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാവരും കിണറുകൾ വൃത്തിയായി മൂടണമെന്നും സംഘത്തിലെ വിദഗ്ദ്ധർ നിർദേശിച്ചു. പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയിൽ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതെന്നും അവർ അറിയിച്ചു.
വായുവിലൂടെ നിപ വൈറസ് പകരാൻ സാധ്യതയുണ്ട്. എന്നാൽ മറ്റു വൈറസുകളെ പോലെ കൂടുതൽ ദൂരം സഞ്ചരിക്കാൻ നിപ വൈറസിന് സാധിക്കില്ല. വൈറസിനെക്കുറിച്ച് കൂടുതലായി പഠിക്കാനായി കേന്ദ്രമൃഗപരിപാലനസംഘവും എയിംസിലെ മെഡിക്കൽ ടീമും നാളെ കോഴിക്കോട് എത്തുമെന്നും കേന്ദ്രസംഘത്തിലെ വിദഗ്ദ്ധർ അറിയിച്ചു. നിപ വൈറസ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസംഘത്തിലെ വിദഗ്ദ്ധർ പറഞ്ഞു.
ഇന്നലെ മരിച്ച കൂട്ടാലിട സ്വദേശി ജാനകിയടക്കം നാല് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. രോഗബാധിതനായി ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സമാനമായ രോഗലക്ഷണങ്ങളുമായി ഒൻപത് പേർ ചികിത്സയിലുണ്ട്.
രക്തസാമ്പിളിന്റെ ഫലം വന്നാൽ മാത്രമേ ബാക്കിയുള്ളവരുടെ കാര്യത്തിൽ രോഗബാധ സ്ഥിരീകരിക്കാൻ സാധിക്കൂ. രോഗപ്രതിരോധത്തിനായി സംസ്ഥാനസർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ വൈറസ് പ്രതിരോധത്തിനായി ആവശ്യമെങ്കിൽ ലോകാരോഗ്യസംഘടനയുടെ സേവനം തേടുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും അറിയിച്ചു.
