പ്രതിഷേധവുമായി രംഗത്തെത്തിയ മലയാളികളായ വിദ്യാര്‍ഥികള്‍ക്കെതിരെയടക്കം പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധത്തിനിടെ സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്

ജമ്മു: ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി പ്രക്ഷോഭത്താല്‍ തിളച്ച് മറിയുകയാണ്. ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരായാണ് മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നത്. ഒരു വര്‍ഷത്തേക്ക് ആയിരം എന്ന ബസ് ചാര്‍ജ് ഒരു മാസത്തില്‍ ആയിരം ആക്കിയതിനെതിരെയാണ് വിദ്യാര്‍ഥി പ്രക്ഷോഭം.

പ്രതിഷേധവുമായി രംഗത്തെത്തിയ മലയാളികളായ വിദ്യാര്‍ഥികള്‍ക്കെതിരെയടക്കം പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധത്തിനിടെ സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നുണ്ട്.

സര്‍വ്വകലാശാലയിലേക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ യൂണിവേഴ്സി ബസിലാണ് എത്തുക. ഏകദേശം 25 കിലോമീറ്റര്‍ ദൂരമാണ് ഹോസ്റ്റലില്‍ നിന്ന് സര്‍വ്വകലാശാലയിലേക്കുള്ളത്. അതിനാല്‍ യുണിവേഴ്സിറ്റി ബസിനെയാണ് മിക്ക വിദ്യാര്‍ഥികളും ആശ്രയിക്കുക. അനിയന്ത്രിതമായ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാക്കില്ലെന്ന് കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.