
ദില്ലി: പൊലീസ് മേധാവി സ്ഥാനത്ത് മാറ്റിയതിനെതിരെ ഡിജിപി സെൻകുമാർ നൽകിയ ഹർജിയെ അനുകൂലിച്ച് കേന്ദ്രസർക്കാർ. രണ്ട് വർഷം ഒരേ തസ്തികയിൽ തുടരണമെന്നാണ് ചട്ടമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യണലിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടറിയിച്ചു. കേസിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്നും സത്യവാങ്മൂലം സമര്‍പ്പിച്ചില്ല.
എജി അധികാരമേറ്റിട്ട് അധികദിവസമായിട്ടില്ലെന്നും സത്യവാങ്മൂലത്തിന് സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.സര്‍ക്കാരിന് കേസില്‍ താത്പര്യമില്ലെങ്കില്‍ ഹര്‍ജിക്കാരനെ മാത്രം കേട്ട് തീരുമാനമെടുക്കണമെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
