ദില്ലി: പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനൊപ്പം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിക്കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ പറഞ്ഞു. ആറുമാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യം പരിഗണിക്കും. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ പരിസ്ഥിതിക്കൊപ്പം വികസനവും പരിഗണിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരങ്കന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തിലെ ആശങ്കകള്‍ പരിഗണിക്കാന്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിന് ശേഷമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടുകൂടി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വ്യക്തമാക്കിയത്.

കസ്തൂരിരംഗന്‍ - മാധവ് ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി ആറുമാസത്തിനകം അന്തിമവിജ്ഞാനം ഇറക്കുന്ന കാര്യം പരിഗണിക്കും. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ പരിസ്ഥിതിക്കൊപ്പം വികസനവും പ്രധാനപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. വിദഗ്ധ സമിതിയുടെ അനുമതിക്ക് പരിസ്ഥിതി മന്ത്രി അംഗീകാരം നല്‍കില്ല എന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആറന്മുള പദ്ധതിയെ തള്ളാതെയാണ് മന്ത്രി പ്രതികരിച്ചത്.