മുത്തലാഖ് സ്‌ത്രീകളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇത് ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. ലിംഗസമത്വത്തിന് എതിരായ നടപടിയാണിത്. സ്‌ത്രീകളുടെ അന്തസ്സില്‍ വീട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇസ്ലാമിക രാഷ്‌ട്രങ്ങളായ സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അടക്കം ഇരുപതോളം രാജ്യങ്ങളില്‍പ്പോലും മുത്തലാഖിന് നിയന്ത്രണമുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സമുദായത്തിന്റെ വ്യക്തി നിയമത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് മുസ്ലീം വ്യക്തിനിയമബോര്‍ഡ് സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.മുസ്ലീം സ്‌ത്രീകള്‍ വിവേചനം അനുവഭിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷൈറാ ബാനു എന്ന യുവതിയും മുസ്ലീം വനിതാസംഘടനകളും ഇതില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.