പക്ഷിപ്പനി പടര്‍ത്തുന്ന എച്ച്5എന്‍8 വൈറസ് ദില്ലിയിലും മധ്യപ്രദേശിലും കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവജാഗ്രത നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. പക്ഷിപ്പനി തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയവും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും കത്തയച്ചു. 

ദില്ലിയിലെ രണ്ടും ഗ്വാളിയാറിലെ ഒരു മൃഗശാലയിലുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തത്. അതേസമയം വന്യജീവി സങ്കേതകങ്ങളില്‍ നിന്ന് അത്തരം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ദേശാടനകിളികള്‍ വഴിയാണ് വൈറസ് ബാധ ഉണ്ടാക്കുന്നത് എന്നതിനാല്‍ അത്തരം പക്ഷികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ദേശാടനകിളികള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അധികം എത്താറുള്ളത്. അതുകൊണ്ട് വന്യജീവി സങ്കേതകങ്ങളിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടു. പക്ഷിപ്പനി മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട് അതീവ ജാഗ്രത ഇക്കാര്യത്തില്‍ ആവശ്യമാണ്. 

പക്ഷിപ്പനി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ മന്ത്രാലയത്തെ അറിയിക്കണം. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ വനംപരിസ്ഥിതി മന്ത്രാലയം ഉന്നതതല സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൃത്യമായി പാലിച്ച് സംസ്ഥാനങ്ങള്‍ മുന്നോട്ടുപോകണമെന്നും കത്തില്‍ പറയുന്നു.