ദില്ലി: കേന്ദ്രീകൃത പ്രവേശന പരീക്ഷയായ നീറ്റിന് പിന്നാലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. നിലവില്‍ യാതൊരു നിയന്ത്രണവും ബാധകമല്ലാത്ത കല്‍പ്പിത സര്‍വ്വകലാശാലകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. വിവിധ മതസംഘടനകളും ആള്‍ദൈവങ്ങളുമൊക്കെ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് നേരെയുള്ള നീക്കം സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമെന്നും അക്ഷേപമുണ്ട്.

തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി മെഡിക്കല്‍ കോളേജുകളാണ് കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ഫീസ് നിശ്ചയിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ 2017 ജൂണ്‍ മാസത്തില്‍ മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കോളേജുകളിലെ ഫീസ് നിര്‍ണ്ണയിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യു.ജി.സിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും ഈ സമിതിയില്‍ ഉണ്ടാകും. വിരമിച്ച ഒരു ഹൈക്കോടതി ജ‍ഡ്ജിയെ സമിതിയുടെ തലവനാക്കാണ് നീക്കം. കഴിഞ്ഞ വര്‍ഷം വരെ സ്വന്തം നിലയ്ക്ക് പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഈ കോളേജുകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നീറ്റ് നിര്‍ബന്ധമാക്കിയതോടെ പ്രവേശനത്തിന് സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് മാത്രമേ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാനാവൂ. എന്നാല്‍ തോന്നിയ പോലെ ഫീസ് ഈടാക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ഒരു നിയമങ്ങളും തടസ്സമാകുന്നില്ല.