ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും വീണ്ടും തിരിച്ചടി. ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം 400 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ബില്ലില്‍ ആഭ്യന്തരമന്ത്രാലയം കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ടാണ് മടക്കി അയച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്.

പുതിയ ബില്ലനുസരിച്ച് എം എല്‍ എ മാരുടെ അടിസ്ഥാന ശമ്പളം 12,000 പന്ത്രണ്ടായിരം രൂപയില്‍ നിന്ന് 50,000 രൂപയായും പ്രതിമാസ അലവന്‍സുകള്‍ 88,000 രൂപയില്‍ നിന്ന് 2.1 ലക്ഷം രൂപയായും ഉയരും. സ്പീക്കര്‍ ഡപ്യൂട്ടി സ്പീക്കര്‍ , മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് , ചീഫ് വിപ്പ് എന്നിവരുടെ ശമ്പളത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകും. അലവന്‍സുകള്‍ ഉള്‍പ്പെടെ 1.2 ലക്ഷം രൂപ ലഭിച്ചിരുന്നിടത്ത് ഇവര്‍ക്ക് ഇനി മുതല്‍ 3.67 ലക്ഷം രൂപ ലഭിക്കും.

ബില്ലിലെ ചില കണക്കുകളില്‍ കേന്ദ്രം കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ടതായാണ് വിവരം. കേന്ദ്രത്തിലെ മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന്, ബില്ലില്‍ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളില്‍ വ്യക്തത വേണമെന്നും എംഎല്‍എമാരുടെയും സ്പീക്കറുടെയും ശമ്പളം കൂട്ടിയിരിക്കുന്നതെന്നതിന് സ്വീകരിച്ചിരിക്കുന്ന രീതിയെന്തെന്ന് വ്യക്തമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച മറ്റു ചിലബില്ലുകളും കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം ഡല്‍ഹി നിയമസഭ പാസാക്കിയ 14 ബില്ലുകള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ചിരുന്നു.