2016 ജനുവരി ആറിന് ജല്ലിക്കട്ടിന് കര്‍ശനവ്യവസ്ഥകളോടെ അനുമതി നല്‍കുന്ന കേന്ദ്രവനം പരിസ്ഥിതിമന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിജ്ഞാപനം സംബന്ധിച്ച് സുപ്രീംകോടതി അടുത്തയാഴ്ച വിധി പറയാനിരിയ്‌ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ഇതേത്തുടര്‍ന്ന് ജല്ലിക്കട്ടുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജനുവരി 31 ന് പരിഗണിയ്ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മധുരയിലെയും പലമേട്ടിലെയും ജല്ലിക്കട്ട് മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ സമരസമിതി തീരുമാനിച്ചു. 

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ പുതിയ തീയതികള്‍ പ്രഖ്യാപിയ്ക്കൂ എന്നാണ് സമരസമിതിയുടെ നിലപാട്. ജനുവരി 31 ന് ജല്ലിക്കട്ട് ഹര്‍ജികള്‍ പരിഗണിയ്ക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ജല്ലിക്കട്ട് നിയമം സംബന്ധിച്ച് സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകമാവും.