ദില്ലി: നീറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടം ഈ വര്‍ഷം നടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം പിന്നീടെന്ന് കേന്ദ്രസര്‍ക്കാര്‍. നീറ്റ് പരീക്ഷ ഈ വര്‍ഷം നടത്തുന്നതില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ അഭിപ്രായം തേടാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിനു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയാണ് നിലപാട് വ്യക്തമാക്കിയത്. മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ വേണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും അഭിപ്രായഭിന്നതയില്ലെന്നും ഈ വര്‍ഷം തന്നെ പരീക്ഷ നടത്തുന്നതിലെ പ്രായോഗികബുദ്ധിമുട്ടുകളാണ് എല്ലാവരും യോഗത്തിലുന്നയിച്ചതെന്നും ജെ പി നദ്ദ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി നീറ്റിന്റെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. പ്രാദേശികഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ഇല്ലാത്തതും, സിലബസിലെ വ്യത്യാസവും സംസ്ഥാനങ്ങളുടെ പ്രത്യേകപരീക്ഷകള്‍ റദ്ദാകുന്നതും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ വഴി മാത്രമേ മെഡിക്കല്‍ ഡെന്റല്‍ സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്താവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഇതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.