ആകെ 3,323 കിലോമീറ്ററാണ് ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ നീളം. രാജസ്ഥാനിലെ ജയ്സാല്‍മറില്‍ സുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്താരാഷ്ട്ര അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്നാഥ് സിങ് അറിയിച്ചത്. സമയബന്ധിതമായും ഘട്ടംഘട്ടമായും ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഓരോ മൂന്നുമാസവും ഇതിന്റെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തും.

സെപ്തംബര്‍ 18ന് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ ജമ്മുകശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനം ആക്രമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം കടുത്ത തീരുമാനങ്ങളെടുക്കുന്നത്. ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള തീവ്രവാദി കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ച ആഭ്യന്തര മന്ത്രി, കര്‍ഷകന്‍ തന്റെ കൃഷിസ്ഥലം സംരക്ഷിക്കുന്ന പോലെ സൈന്യം രാജ്യം കാക്കുമെ ന്നും പറഞ്ഞു. സര്‍ക്കിക്കല്‍ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നതടക്കമുള്ള ആവശ്യങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച രാജ്നാഥ് സിങ്, രാജ്യം മുഴുവന്‍ സൈന്യത്തെ വിശ്വാസത്തിലെടുക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ടു.