പൊലീസിന് ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള പരിമിതമായ അവസരങ്ങളെങ്കിലും ഉണ്ടാകണമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡയറക്ടര്‍ ഇഷ് കുമാര്‍

ഹൈദരാബാദ്: രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും ആധാര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുന്നത് വഴി സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിര്‍ അറിയിച്ചു.

ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി വെളിപ്പെടുത്തിയത്. കേന്ദ്രമന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. പൊലീസിന് ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള പരിമിതമായ അവസരങ്ങളെങ്കിലും ഉണ്ടാകണമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡയറക്ടര്‍ ഇഷ് കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 50 ലക്ഷത്തോളം കേസുകളിലും ഉള്‍പ്പെടുന്നത് ആദ്യ തവണ കുറ്റം ചെയ്യുന്നവരാണ്. മുന്‍പ് മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇവരുടെ വിരലടയാളങ്ങള്‍ പൊലീസിന്റെ രേഖകളില്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ പൊലീസിന് ലഭിക്കുമെങ്കിലും ഇത് ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ആധാര്‍ വിവരങ്ങളില്‍ ഉള്‍പ്പെട്ട വിരലടയാളങ്ങള്‍ ലഭിച്ചാല്‍ ഇത്തരം പ്രതികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. രാജ്യത്ത് പ്രതിവര്‍ഷം 40,000ഓളം അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെടാറുണ്ട്. ഇവ തിരിച്ചറിയാനും ആധാര്‍ വിവരങ്ങള്‍ സഹായകമാകുമെന്നും ഇഷ് കുമാര്‍ പറഞ്ഞു.