ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പശ്ചിമ ബംഗാള്‍ അംഗീകരിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമമാണ് കേന്ദ്ര ഉത്തരവെന്നും കന്നുകാലി വ്യാപാരം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കാര്യമാണെന്നും മമത പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് കേരളവും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ സര്‍ക്കാരിന്റെ ഉത്തരവ് ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
