കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിന് പിന്നില്‍ വിദേശ റിക്രൂട്ട്മെന്‍റ് തട്ടിപ്പ് മൂടിവയ്‌ക്കാനുള്ള ശ്രമമുണ്ടെന്ന് സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നൈനാര്‍ പള്ളിക്ക് സമീപത്തെ തോട്ടിലാണ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പലരുടെയും എസ്എസ്എല്‍സി, ഡിഗ്രി, നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുകളുടയും പാസ്‌പോര്‍ട്ടിന്‍റെയും പകര്‍പ്പുകളാണ് ഉപേക്ഷിച്ചത്. സ്‌ത്രീകളുടെയടക്കം ഫോട്ടോകളും തോട്ടില്‍ തള്ളിയവയുടെ കൂട്ടത്തിലുണ്ട്. സമീപത്തെ റിക്രൂട്ട്മെന്‍റ് ഏജന്‍സിയില്‍ നിന്ന് തോട്ടിലേയ്‌ക്ക് തള്ളിയവയാണ് ഇതെന്നാണ് പൊലീസിന്‍റെ സംശയം. സൗദി ജോലി തട്ടിപ്പിന്‍റേ പേരില്‍ ഈ സ്ഥാപനത്തിനെതിരേ പൊലീസ് അന്വേഷണം തുടരുകയാണ്.

തെളിവു നശിപ്പിക്കലിന്‍റെ ഭാഗമായാണ് പകര്‍പ്പുകള്‍ തോട്ടിലേയ്‌ക്ക് തള്ളിയതെന്നാണ് സംശയം. ഇതേക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.