ഇടുക്കി: കതകില്‍ മുട്ടി വിളിച്ച ശേഷം, വീട്ടമ്മയുടെ മാലപറിക്കാന്‍ ശ്രമിച്ച യുവാവിനെ ഇടുക്കിയിലെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം പ്ലാവിള വീട്ടില്‍ പി.എസ്. അപ്പു ആണ് പോലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ആനവിലാസത്തിനു സമീപം പുല്ലുമേട്ടിലാണ് വീട്ടമ്മയുടെ മാല പറിക്കാന്‍ ശ്രമമുണ്ടായത്. പുല്ലുമേട് കൊന്നയാവില്‍ സന്ധ്യ എന്ന് വിളിക്കുന്ന സരസ്വതിയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്.  

പ്രതിയായ അപ്പു വിടിന്റെ വാതിലില്‍ മുട്ടിവിളിച്ച ശേഷം മാറി നിന്നു. സന്ധ്യ ഇറങ്ങി വന്നപ്പോള്‍ കഴുത്തില്‍ കിടന്ന മാല പറിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ മാല ഉപേക്ഷിച്ച് ഓടി മറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം ഉപ്പുതറ പോലീസില്‍ അറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് അപ്പുവിനെ പിടികൂടാനായത്. 

തിരുവനന്തപുരം സ്വദേശിയായ അപ്പു, പുല്ല് മേട്ടില്‍ താമസിക്കുന്ന അമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലെത്തിയതാണ്.  ഇവിടെ നിന്നും തിരികെ പോകുന്ന വഴിയാണ് വീട്ടമ്മയുടെ മാലപറിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് നിരവധി കേസില്‍ പ്രതിയാണ് ഇയാളെന്ന് സൂചനയുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.