തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തത് ബീഹാറില്‍ നിന്ന്

തൃശൂര്‍: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവര്‍ച്ച കേസില്‍ തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. പ്രതികള്‍ ബീഹാറില്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ ഏല്‍പിച്ച 100 പവന്‍ സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 27നാണ് ജ്വല്ലറി കൊള്ളയടിച്ച് 13 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും ഒരു സംഘമാളുകള്‍ കവര്‍ന്നത്. 

ഉദുവ ഹോളിഡേ റോബേഴ്സ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും നാല് സ്വര്‍ണമാലകളും ഏഴു ലക്ഷം രൂപയും മാത്രമായിരുന്നു കണ്ടെടുക്കാനായത്. 

തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ബീഹാറിലെ ജ്വല്ലറിയില്‍ വില്‍ക്കാനേല്‍പിച്ച 100 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. മറ്റൊരു വീട്ടില്‍ നിന്ന് ഒരു പവന്‍ വരുന്ന സ്വര്‍ണമാലയും പൊലീസിന് കിട്ടി. ബാക്കിയുള്ള ഉരുപ്പടികള്‍ക്കായി അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനിയായ ഹസന്‍ ജിഗ്നി ബംഗ്ലാദേശിലേക്ക് കടന്നെന്നാണ് പൊലീസ് കരുതുന്നത്.