ചാലക്കുടി സി.സി.എം.കെ  തുറക്കാന്‍ ധാരണയായി ;  ജീവനക്കാരെ ഘട്ടം ഘട്ടമായി തിരിച്ചെടുക്കും

First Published 1, Apr 2018, 12:44 AM IST
Chalakkudy to come out with a plan to open Employees will be phased out step by step
Highlights
  • 126 ജീവനക്കാര്‍ക്കാണ് ആശുപത്രി അടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടത്.

തൃശൂര്‍: രോഗികളെയും ജീവനക്കാരെയും ഒരു സുപ്രഭാതത്തില്‍ പെരുവഴിയിലാക്കി അടച്ചുപൂട്ടിയ ചാലക്കുടി സി.സി.എം.കെ ആശുപത്രി തുറക്കാന്‍ ധാരണയായി. ശനിയാഴ്ച വൈകീട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മാനേജുമെന്റും തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് തീരുമാനമായത്. 

ഘട്ടംഘട്ടമായി തുറക്കാനുള്ള മാനേജ്‌മെന്റിന്റെ ആവശ്യം യു.എന്‍.എ പ്രതിനിധികള്‍ അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിന് കാരണമെന്ന് മാനേജ്‌മെന്റ് ഈ ചര്‍ച്ചയിലും ആവര്‍ത്തിച്ചിരുന്നു. 126 ജീവനക്കാര്‍ക്കാണ് ആശുപത്രി അടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് നഴ്‌സിംഗ് സമരം കൊടുമ്പിരികൊണ്ടിരിക്കെ, 2017 നവംബര്‍ 15 ന് രാവിലെ ജോലിക്കെത്തിയപ്പോഴാണ് ജീവനക്കാരെല്ലാം ആശുപത്രി അടച്ചു പൂട്ടിയതറിയുന്നത്.

അന്നുമുതല്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം തുടങ്ങുകയും തൊഴില്‍ വകുപ്പിനെയും കോടതിയെയും സമീപിക്കുകയും ചെയ്തു. അതേസമയം, കോട്ടയം ഭാരതിലെയോ ചേര്‍ത്തല കെ.വി.എമ്മിലെയോ പോലെ തൊഴില്‍ തര്‍ക്കങ്ങളൊന്നും സി.സി.എം.കെയില്‍ നിലനിന്നിരുന്നില്ല. സംസ്ഥാന വ്യാപക സമരവേളയില്‍ മറ്റിടങ്ങളിലെല്ലാം പണിമുടക്ക് നോട്ടീസ് കൊടുത്തപ്പോഴും സി.സി.എം.കെയെ യു.എന്‍.എ ഒഴിവാക്കുകയും ചെയ്തിരുന്നു. 2012 മുതല്‍ യു.എന്‍.എ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഇവിടെ ഇതര യൂണിയനുകളൊന്നും ഇല്ലതാനും. എന്നാല്‍, തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മാനേജ്‌മെന്റ് വീഴ്ചവരുത്തിയിരുന്നതായി പരാതിയുണ്ടായിരുന്നു. അഞ്ചും ആറും വര്‍ഷങ്ങളായി ട്രെയിനിയെന്ന രീതിയില്‍ ജോലിയില്‍ തുടരുന്നവരും സി.സി.എം.കെയില്‍ നിരവധിയാണ്. 

ആശുപത്രി അടച്ചിട്ടതോടെയാണ് തൊഴില്‍ തര്‍ക്കമുണ്ടായതും വിഷയം ലേബര്‍ ഓഫീസറുടെ പരിഗണനയിലെത്തുന്നതും. ആദ്യഘട്ടത്തിലൊന്നും എന്തടിസ്ഥാനത്തിലാണ് ആശുപത്രി അടച്ചിട്ടതെന്നുപോലും വ്യക്തമല്ലായിരുന്നു. മാന്യമായ ചര്‍ച്ചയ്ക്കും മാനേജ്‌മെന്റ് തയ്യാറായിരുന്നുമില്ല. 'നിങ്ങള്‍ക്ക് തരേണ്ടതെല്ലാം തന്നു, ഇതില്‍ കൂടതലൊന്നും ചെയ്യാനില്ല'  എന്ന മറുപടി മാത്രമായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിക് അടക്കം വിഷയത്തിലിടപെട്ടു. എന്നിട്ടും ആശുപത്രി തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെ എല്ലാ ദിവസവും നഴ്‌സുമാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ തന്നെ ആശുപത്രിയിലെത്തി പ്രതിഷേധസമരം തുടരുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രി തുറക്കാനുള്ള ഒത്തുതീര്‍പ്പ് ശ്രമം തൊഴില്‍ വകുപ്പ് ഊര്‍ജിതമാക്കി. ഘട്ടം ഘട്ടമായി തുറക്കുന്നതിന് നഴ്‌സുമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാമെന്നും അറിയിച്ചു. ഇതനുസരിച്ച് ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഇരുകൂട്ടരും ഒപ്പുവച്ചു. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഗൈനക് വിഭാഗമാണ് തുറക്കുക. ഇതിലേക്ക് മാത്രം ആവശ്യമുള്ള നഴ്‌സുമാരെ ആദ്യം തിരിച്ചെടുക്കും. യു.എന്‍.എ അംഗത്വമുള്ളവര്‍ക്കാണ് പരിഗണന. പുറമെ നിന്ന് നഴ്‌സുമാരെ നിയമിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാവും. 

തുടര്‍ന്ന് തുറക്കുന്ന വിഭാഗങ്ങളിലേക്കും സമാനരീതിയില്‍ നഴ്‌സുമാരെ നിയമിക്കും. 50 നഴ്‌സുമാരില്‍ 35 പേരും യു.എന്‍.എയുടെ സജീവ അംഗങ്ങളാണ്. ഇവര്‍ക്ക് മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കും. 20 ദിവസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും നഷ്ടപരിഹാരമായി നല്‍കും. ആശുപത്രി പഴയ രീതിയിലേക്ക് ആകുന്ന മുറയ്ക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും. ആശുപത്രിയുടെ പുരോഗതിക്ക് വേണ്ടി യുഎന്‍എയും മാനേജ്‌മെന്റും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.

ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നസറുദ്ദീന്‍, യുഎന്‍എ ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ്, ജില്ലാ സെക്രട്ടറി സുദീപ് ദിലീപ്, ട്രഷറര്‍ ജിസ്‌നോ ജോസഫ്,  സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ നിതിന്‍ മോന്‍ സണ്ണി, ടിന്റു, സംസ്ഥാന കമ്മിറ്റിയംഗം ദിവ്യ എന്നിവരും മാനേജ്‌മെന്റിനു വേണ്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ.വാരിദ്, അഡ്വ.പ്രേം ലാല്‍ എന്നിവരും പങ്കെടുത്തു. 

loader