നാട്ടില്‍ പുഴയുള്ളവര്‍ക്കറിയാം മറുനാട്ടില്‍ നിന്ന് ഓരോ തവണ തിരിച്ചെത്തുമ്പോഴും അതിനുണ്ടാകുന്ന മാറ്റം. ഓരോ കടുത്ത ചൂടിലും മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോഴും പുഴയുടെ കണ്ണീര്‍ ആരും കാണാറില്ല. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ പുഴയ്ക്ക് കുത്തിയൊലിക്കാന്‍ കഴിയാതെ വേദനിക്കുകയാണ്, ഓരോ പുഴയിലുടനീളവും അത്രയ്ക്കു മാലിന്യങ്ങളാണ്. നദിയുടെ ഈ വേദനയില്‍ ഒരു പറ്റം പേര്‍ നദീസരംക്ഷണ സന്ദേശവുമായി ദീര്‍ഘദൂരകയാക്കിങ് നടത്തുകയാണ്. നദികളില്‍ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന 'ചാലിയാര്‍ റിവര്‍ ചലഞ്ച്-17' എന്ന പരിപാടി സെപ്റ്റംബര്‍ 22ന് നിലമ്പൂരില്‍ നിന്ന് തുടങ്ങി 24ന് വൈകിട്ട് നാലിന് ബേപ്പൂരില്‍ സമാപിക്കും. 

ക്ലീന്‍ റിവേഴ്സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നും 120 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പത്ത് വയസ്സ് മുതല്‍ അറുപത് വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും. സംഘത്തില്‍ 25 സ്ത്രീകളും 15 കുട്ടികളുമുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയും സംഘത്തിലുണ്ട്. 

ഇരുപത്തിയഞ്ചോളം ആളുകള്‍ സ്വന്തം കയാക്കിലാണ് തുഴയുക. രാവിലെ അഞ്ച് മുതല്‍ 12 വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറുവരെയുമാണ് കയാക്കിങ് നടക്കുക. അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ശേഖരിച്ച് നദികളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിക്കുതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്‍റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തോടി അഭിപ്രായപ്പെട്ടു. 

കേരളത്തില്‍ നിന്ന് തുടങ്ങുന്ന ഈ മുന്നേറ്റം രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന് ക്ലീന്‍ റിവേഴ്സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ കൂട്ടിച്ചേര്‍ത്തു. യാത്രയുടെ ഭാഗമായി സംഘം ചാലിയാര്‍ നദിയിലെ മാലിന്യം ശേഖരിക്കും. സഹാസ് സീറോ വേസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കും. പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്‍റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. 

നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിന് പുറമെ വിവിധതരം ജല കായിക വിനോദങ്ങളെ പരിചയപ്പെടുത്തും. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി തെരുവ് നാടകങ്ങളും, സംഗീത മേളയും അരങ്ങേറും. യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളില്‍ കലാ -സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെുന്നും ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. പലതരം കയാക്കുകളിലൂടെ സാഹസികമായി നടത്തു ബോധവല്‍ക്കരണ യാത്ര മൂന്നാം തവണയാണ് ക്ലീന്‍ റിവേഴ്സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് സംഘടിപ്പിക്കുന്നത്.