ഖത്തര്‍: ഖത്തറിനെതിരെ നാല് അയൽ രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിനെതിരെ ഏതു നിമിഷവും സൈനിക നടപടിയുണ്ടായേക്കുമെന്ന ഭീതിയിലാണ് ഖത്തർ ഭരണകൂടം. ഇതിന്‍റെ ഭാഗമായി ഖത്തർ തങ്ങളുടെ അതിർത്തിയിൽ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയുണ്ടായാൽ പ്രതിരോധിക്കാൻ രാജ്യം സന്നദ്ധമാണെന്ന് ഖത്തർ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു..

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ നാല് അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിവന്ന മധ്യസ്ഥ ചർച്ചകൾ ഏറെക്കുറെ പരാജയപ്പെട്ട സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ കാംപ് ഡേവിഡിൽ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജന ചർച്ചകൾക്ക് സാധ്യതയുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. അതേസമയം ചർച്ചയ്‌ക്ക്‌ സന്നദ്ധമാവണമെന്ന ട്രംപിന്റെ നിർദേശത്തോട് ഖത്തർ മാത്രമാണ് ഇതുവരെ അനുകൂലമായി പ്രതികരിച്ചത്. 

ഇതിനിടെ ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങൾ സൈനിക നടപടിക്കൊരുങ്ങുന്നതായുള്ള സൂചനകൾ നിലനിക്കുന്നതിനാൽ അതിർത്തിയിൽ ഖത്തർ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസം മുന്പ് ഖത്തർ സന്ദർശിച്ച തുർക്കി പ്രസിഡന്റ് റജബ് തയിബ എർദോഗാൻ ഖത്തറിലെ തുർക്കി സൈനിക താവളം സന്ദർശിച്ചു സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയിരുന്നു. ഖത്തറിനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ തുർക്കിക്ക് പുറമെ അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ്
തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടാവുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

അയല്‍രാജ്യങ്ങളുടെ പ്രവചനാതീതമായ സമീപനങ്ങള്‍ മുന്നില്‍ കണ്ട് ആവശ്യമായ തയാറെടുപ്പുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ സ്വാഭാവികമായും രാജ്യത്തെ അമേരിക്കന്‍ സൈന്യത്തെയും അത് ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം കാര്യങ്ങൾ കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്പോഴും മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി ഒഴിവാക്കാൻ തന്നെയായിരിക്കും അമേരിക്ക ശ്രമിക്കുക. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി യു.എസ് സെനറ്റിലെ വിദേശകാര്യ കമ്മിറ്റിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വിദേശ കാര്യ സെക്ക്രട്ടറി റെക്സ് ടില്ലെഴ്സനുമായി അടുത്തയാഴ്ച വീണ്ടും ചർച്ചകൾ നടത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി പറഞ്ഞു.