ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദന കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍. ആര്യങ്കാവ് റേഞ്ച് ഓഫിസറുടെ
നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നുമാണ് ചന്ദന മാഫിയ തലവനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാർച്ച് രണ്ട് വരെ റിമാന്‍ഡ് ചെയ്തു.

കേരളത്തിലെ പ്രധാനപ്പെട്ട ചന്ദനക്കാടായ കടമാൻപാറ വനമേഖലയില്‍ നിന്നും നിരന്തരമായി ചന്ദന മരം മോഷണം പോകുന്നതിനെ തുടർന്ന്
വനംവകുപ്പ് നടത്തിയ അന്വേഷണം ചന്ദന കടത്ത് മാഫിയയില്‍ ചെന്നെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ഗ്രൂപ്പുകളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ട് വർഷത്തിനിടക്ക് അഞ്ച് പ്രാവശ്യമാണ് സംഘം ചന്ദനം കടത്തിയത്. 12 മരങ്ങള്‍ മോഷണം പോയി. ഇതിനെ തുടർന്ന് രണ്ട് മാസം മുൻപാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. ഇവർനടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്‍റെ തലവൻ പരമശിവം എന്ന രാമരാജ് തമിഴ്നാട്ടില്‍ നിന്നും പിടിയിലായത്.

ചോദ്യം ചെയ്യലില്‍ രാമരാജ് നാല് പ്രാവശ്യം ചന്ദനം കടത്താൻ ശ്രമം നടത്തിയതായി വനംവകുപ്പിനോട് സമ്മതിച്ചു. കടത്താൻ കഴിയാത്ത മരവും അയുധങ്ങളും വനത്തിന് ഉള്ളില്‍ ഉപേക്ഷിച്ചിടുണ്ടെന്നും പറഞ്ഞു. രാമരാജിന്‍റെ സംഘത്തില്‍ അഞ്ച് പേരാണ് ഉള്ളത്. ഇനിനാല്പേരെ കുടി പിടികിട്ടാൻ ഉണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം. ഇതിനായി വനംവകുപ്പ് തിങ്കളാഴ്ച കോടതിയെ സമിപിക്കും.