ജനാധിപത്യം രാജ്യത്ത് അപകടത്തിലാണെന്നും രക്ഷ വേണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും ഇരുവരും പറഞ്ഞു

ദില്ലി: ബിജെപിയിൽ നിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പശ്ചിമബ​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. ജനാധിപത്യം രാജ്യത്ത് അപകടത്തിലാണെന്നും രക്ഷ വേണമെങ്കിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്നും ഇരുവരും പറഞ്ഞു. എൻഡിഎ ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തിൽ എല്ലാവർക്കും നേതൃസ്ഥാനം ഉണ്ടായിരിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഈ വാക്കുകൾ 

കൊൽക്കത്തയിലെത്തിയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മമതയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടത്തിൽ ഉറച്ചു നിൽക്കുമെന്നും ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ഷനോട് അനുബന്ധിച്ച് നവംബർ 22 ന് നടത്താനിരുന്ന സമ്മേളനം മാറ്റിവച്ചതായും ചന്ദ്രബാബു നായിഡു അറിയിച്ചു.