ആര്യനാട്: ആര്യനാട് സ്വദേശി ചന്ദ്ര മോഹനന്റെ മരണത്തില്‍ ദൂരുഹതയെന്ന് കുടുംബം. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രമോഹന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാട്ടാക്കടയിലും പരിസരത്തും ഡിവൈഎഫ്‌ഐയും എസ്ഡിപിഐയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴാണ് ചന്ദ്രമോഹനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടത്. മരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ കാട്ടാക്കട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു ചന്ദ്ര മോഹന്‍.

ഇക്കഴിഞ്ഞ ഡിസംബര്‍ 3 ന് രാത്രിയിലാണ് ആര്യനാട് പളളിവേട്ടയ്ക്ക് സമീപം ചന്ദ്ര മോഹനനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു വരുന്ന വഴി ബൈക്ക് അപകടത്തിലാണ് ചന്ദ്രമോഹന്‍ മരിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പുവരെ, കാട്ടാക്കടയിലും പ്രദേശത്തും ഉണ്ടായിരുന്ന ഡിവൈഎഫ്‌ഐ - എസ്ഡിപിഐ സംഘര്‍ഷത്തിന്റെ പേരില്‍ ജയിലിലായിരുന്നു ചന്ദ്രമോഹനന്‍. അപകടമരണമല്ലെന്ന സംശയം ഉന്നയിച്ചിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.