ശരത് പവാറിനെ രാജ് താക്കറെ കണ്ടു പ്രാദേശിക സഖ്യനീക്കങ്ങൾ സജീവമാകുന്നു

ദില്ലി: ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ നീക്കത്തിന്‍റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഇന്ന് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ശരത് പവാറുമായി ഇന്നലെ എം.എൻ.എസ് നേതാവ് രാജ് താക്കറെയും ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശിൽ എസ്.ബി-ബി.എസ്.പി സഖ്യം നേടിയ വിജയത്തിന് പിന്നാലെയാണ് പ്രാദേശിക പാര്‍ടികൾക്കിടയിൽ ബിജെപി വിരുദ്ധനീക്കം ശക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിൽ ശത്രുക്കളായിരുന്ന എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനിന്ന് ബി.ജെ.പിയെ തോൽപിച്ചത് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ടികളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മോദി മുക്തഭാരമാണ് ലക്ഷ്യമെന്ന് ഇന്നലെ എൻ.സി.പി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എൻ.എൻ.എസ് നേതാവ് രാജ് താക്കറെ പറഞ്ഞിരുന്നു. മഹാരാഷ്ട്രടിൽ ശിവസേനയും ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുകയാണ്. 

ദേശീയ സാഹചര്യങ്ങൾ വിലയിരുത്തി ഏത് നിമിഷവും ശിവസേന ടി.ഡി.പിയുടെ അതേ വഴിയിലേക്ക് നീങ്ങാം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കൊൽക്കത്തയിൽ എത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നേരത്തെ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗൻമോഹൻ റെഢി മമതയെ കണ്ടിരുന്നു. വിശാല സഖ്യം വന്നാൽ തന്നെ അതിന് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് മമത , ചന്ദ്രശേഖര റാവു നേതാക്കളുടെ നിലപാട്. ഇതിനിടെ ബാഹാറിൽ തെരഞ്ഞെടുപ്പിന് മുമ്പ് സമവാക്യങ്ങൾ മാറാം എന്ന സൂചന നൽകി കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാൻ രംഗത്തെത്തി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചാണ് ഇന്നലെ കോണ്‍ഗ്രസിന്‍റെ രണ്ട് ദിവസത്തെ സമ്മേളനം സമാപിച്ചത്. സമ്മേളനത്തിൽ ഇന്നലെ മോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി ഇന്നും ആരോപണങ്ങളുമായി രംഗത്തെത്തി. ലോകത്ത് തൊഴില്ലായ്മ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യയെന്നത് സ്ഥിരീകരിക്കപ്പെടുമ്പോഴും അത് നിഷേധിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിനുള്ളതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.