പാലക്കാട്: വൃക്ക രോഗം ബാധിച്ച് ചികിത്സയ്ക്ക് വഴിയില്ലാതെ കഴിയുകയാണ് പാലക്കാട് യാക്കരയില്‍ സുധാകരന്‍ എന്ന നാല്‍പ്പത്തിയെട്ടുകാരന്‍. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അതിനുള്ള ഭീമമായ പണച്ചിലവ് താങ്ങാനാവുന്നില്ല സുധാകരനും കുടുംബത്തിനും. 

ജില്ലാ ആശുപത്രിക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു സുധാകരന്‍. ചെറിയ വരുമാനത്തില്‍ ജീവിച്ചുവന്ന മൂന്നംഗ കുടുംബം പ്രതിസന്ധിയിലായത് ഒരു വര്‍ഷം മുന്പ് സുധാകരന്‍ വൃക്ക രോഗി ആയതോടെയാണ്. ചികിത്സ തുടങ്ങിയതോടെ മെഡിക്കല്‍ഷോപ്പിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഏക മകന്റെ പഠനം മുടങ്ങാതിരിക്കാന്‍ അമ്മ വിമല ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങി. ആ പണം കൊണ്ട് ചികിത്സയും ചിലവും താങ്ങാനാകാതെ വന്നപ്പോള്‍ പലയിടത്തു നിന്നും കടം വാങ്ങി. ദിവസേന ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയായതോടെ വിമലയുടെ താല്‍ക്കാലിക ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. അധികം നാള്‍ ഡയാലിസിസ് ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്നും വൃക്ക മാറ്റി വയ്ക്കണം എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

മകന്റെ പഠനം, വീട്ടുചിലവ് ഒപ്പം ഭര്‍ത്താവിന്റെ ശസ്ത്രക്രിയയും , എല്ലാത്തിനും പണം കണ്ടെത്തിയേ തീരു. പ്രതീക്ഷ അസ്തമിക്കാത്ത മനസ് മാത്രമാണ് ഇവര്‍ക്കിന്ന് കൈമുതലായുള്ളത്. 

ഇവരുടെ അക്കൗണ്ട് ഡീറ്റെയില്‍സ് ആണ് ഇത്

കാനറാ ബാങ്ക് 
അക്കൗണ്ട് നമ്പര്‍ 0812101065599 
IFSC - CNRB0000812
കണ്ണംപരിയാരം വെസ്റ്റ് , യാക്കര , പാലക്കാട്