ചാത്തന്നൂര്‍‍ സ്റ്റാൻഡേഡ് ജംഗ്ഷനില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയക്കാണ് അപകടം നടക്കുന്നത്.

കൊല്ലം: ചാത്തന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറിലിടിച്ച് മൂന്ന് മരണം. സ്കൂട്ടര്‍ യാത്രക്കാരായ ഷിബു, ഭാര്യ ഷിജി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. ബസ് തെറ്റായ ദിശയില്‍ വന്നതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഷിബു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. 

ചാത്തന്നൂര്‍‍ സ്റ്റാൻഡേഡ് ജംഗ്ഷനില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയക്കാണ് അപകടം നടക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നെത്തിയ ഷിബു ഭാര്യയും ഇളയമകനുമൊത്ത് ആദിച്ചനല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാൻ ഇറങ്ങിയതായിരുന്നു. സ്കൂളില്‍ പരീക്ഷ കഴിഞ്ഞ് നില്‍ക്കുന്ന മൂത്തമകനെയും ഒപ്പം കൂട്ടാമെന്ന് കരുതിയാണ് സ്റ്റാൻഡേഡ് ജംഗ്ഷൻ വഴി യാത്ര മാറ്റിയത്. ഇവിടത്തെ പെട്രോള്‍ പമ്പില്‍ നിന്നും തിരിച്ചറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് മറ്റൊരു ബസിനെ ഓവര്‍ടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചത്. ഷിബുവിന്റെ ഭാര്യ ഷിജിയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഷിബുവിന്റെയും മകൻ ആദിത്യന്റെയും മരണം സംഭവിച്ചു. ആദിത്യൻ ഓട്ടിസം ബാധിച്ച കുട്ടിയാണ്. ഇളയമകൻ ആദര്‍ശ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.