Asianet News MalayalamAsianet News Malayalam

പിടിച്ചുപറി കേന്ദ്രങ്ങളാകുന്ന ചെക്പോസ്റ്റുകൾ; കൈക്കൂലി വ്യാപകം

check post corruption
Author
First Published May 10, 2017, 4:42 AM IST

പാലക്കാട്: അഴിമതി തടയാൻ ശക്തമായ നടപടികളുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുമ്പോഴും കൈക്കൂലിയാണ് ഇപ്പോഴും ചെക്ക്പോസ്റ്റുകളെ ഭരിക്കുന്നത്. പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളിൽ യാതൊരു മറയുമില്ലാതെ പണം വാങ്ങി പോക്കറ്റിലിടുന്ന ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ്  ഒളി ക്യാമറ ഓപ്പറേഷനില്‍ പെട്ടു.

ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇക്കഴിഞ്ഞ ഡിസംബറിൽ പാലക്കാട് പറഞ്ഞത് ചെക്കുപോസ്റ്റുകളിലെ അഴിമതി ഒരിക്കലും നടക്കില്ലെന്നാണ്. ഈ അവകാശവാദങ്ങൾ ശരിയാണോ എന്നന്വേഷിച്ചു. ലോറി ഡ്രൈവർമാരെന്ന വ്യാജേന വിവിധ ചെക്പോസ്റ്റുകളിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. 

 

ഗോപാലപുരത്തെ വാണിജ്യ നികുതി ചെക്പോസ്റ്റിലേക്ക് ചരക്ക് രേഖകളുമായി ഞങ്ങളുടെ സംഘമെത്തി. ബില്ലിൽ പിഴവുകളുണ്ടെന്ന് ഉദ്യോഗസ്ഥൻ. 1000 മെങ്കിലും നൽകണമെന്ന് സൂചന. ഒടുവിൽ 200 രൂപ നൽകിയതോടെ പിഴവുകൾ പരിഹരിക്കപ്പെട്ടു. ആവശ്യമുള്ളിടത്തെല്ലാം ഞങ്ങൾ തന്നെ സീലുകൾ പതിപ്പിച്ചു..

തൊട്ടടുത്ത മോട്ടോർവാഹന വകുപ്പിന് കീഴിലെ ആർടിഒ ചെക്പോസ്റ്റിലും നൽകി 300.  അടുത്തത് വേലംതാവളം ആര്‍ടിഒ ചെക്ക് പോസ്റ്റ്. ഇവിടെയും പുറത്തു കടക്കണമെങ്കിൽ മാമൂൽ നിർബന്ധം വാളയാറിന് തൊട്ടടുത്ത തമിഴ്നാടിന്‍റെ ചാവടി ചെക്പോസ്റ്റിൽ ഇതിലും ഗുരുതരമാണ് കാര്യങ്ങൾ. പതിവ് തുകയായ 300 പോരെന്നും 500 വേണമെന്നും ഉദ്യോഗസ്ഥ. ഒടുവിൽ 400 ൽ ഒതുക്കി വാളയാർ ചെക്പോസ്റ്റിലേക്ക്.

 വാളയാറിൽ കൈക്കൂലിയും സിസ്റ്റമാറ്റിക് ആക്കിയെന്ന് ഡ്രൈവർമാർ. പ്രത്യേകം ടോക്കൺ നൽകിയ ശേഷം മാസത്തിലൊരിക്കൽ പറയുന്ന സ്ഥലത്ത് പോയി പണം നൽകണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത് അഴിമതിയുണ്ടെന്നതിന്‍റെ പ്രത്യക്ഷ തെളിവുകളാണ്  പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിജിലൻസ് നടത്തിയ പരിശോധനകളുടെ കണക്കുകള്‍. പിടിച്ചത് കണക്കിൽ പെടാത്ത 4,31,790 രൂപ. പ്രതികളായത് 53 ഉദ്യോഗസ്ഥർ.

പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളിലൂടെ ഒരു ദിവസം കടക്കുന്നത് 6000 ത്തിലേറെ ചരക്ക് വാഹനങ്ങളാണ്. പലരിൽ നിന്നും രശീതി നൽകാതെ ഈടാക്കുന്നത് 100 രൂപ മുതൽ 1000 രൂപ വരെ. ഏറ്റവും ചുരുങ്ങിയത് 100 രൂപ കൈക്കൂലി വാങ്ങുന്നെന്ന് കണക്കാക്കിയാൽ പോലും  ഒരു ദിവസം മറിയുന്നത് 600000 രൂപ.

ഒരു മാസം രണ്ട് കോടിയോളം രൂപ. ലോറി ഡ്രൈവറെന്ന വ്യാജേന ജിവിആറുമായി ഓരോ മണിക്കൂറും ഇടവിട്ട് കൈക്കൂലിപ്പണം ശേഖരിക്കാൻ കൂലിക്ക് ഏജന്‍റുമാരെ നിയോഗിച്ചാണ് പരിശോധനക്കെത്തുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ കബളിപ്പിക്കുന്നത്.  ഡ്യൂട്ടിക്ക് ഹാജരാകുമ്പോൾ രേഖപ്പെടുത്തിയ കൈവശമുള്ള പണം പരിശോധനാ സമയത്ത് കാണാത്ത സംഭവങ്ങളും പതിവാണ്.

ചെക്പോസ്റ്റുകളിൽ അഴിമതിയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉദ്യോഗസ്ഥർ പണം പറ്റി പലതും കണ്ണടക്കുമ്പോൾ ചോരുന്നത് സർക്കാറിന്‍റെ നികുതിപ്പണം. ഒപ്പമൊരുങ്ങുന്നത് ലഹരി വസ്തുക്കളടക്കം നിർബാധം അതിർത്തി കടക്കാനുള്ള സാഹചര്യവും. 

Follow Us:
Download App:
  • android
  • ios