കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ടീച്ചറുടെ വിദ്യാര്‍ത്ഥികളായിരുന്നവരെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള റെനീഷ് രാമചന്ദ്രനെയും വിശാഖിനെയും ജാനകി ടീച്ചര്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 13 നാണ് ആസൂത്രിതമായ കൊലപാതകം അരങ്ങേറിയത്.

കൊലപാതകത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കൊലപാതകം നടക്കുന്നതിന് മുമ്പേ ഇവര്‍ മോഷണത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഡിസംബര്‍ 3 ന് ഇവര്‍ മോഷണത്തിനായി ജാനകി ടീച്ചറുടെ പുലിയന്നൂരിലെ കളത്തേരയിലെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ അന്ന് സമീപത്തെ റോഡില്‍ ആളനക്കം കണ്ട് മറ്റൊരു വഴിയിലൂടെ പിന്മാറുകയായിരുന്നു.

എന്നാല്‍ രണ്ടാം തവണ കൂടുതല്‍ കരുതലോടെയാണ് ഇവര്‍ കൃത്യം നടത്താന്‍ എത്തിയത്. രണ്ടാമതെ ശ്രമം നടത്തിയ ഡിസംബര്‍ 13 ന് പുലിയന്നൂരിനടത്തുള്ള ചീര്‍ക്കുളത്തെ അയ്യപ്പ ഭജനമഠത്തില്‍ മണ്ഡലകാല ഉത്സവമായിരുന്നു. നാട്ടുകാര്‍ ഉത്സവത്തിരക്കുകള്‍ക്കിടയിലായത് ഇവര്‍ക്ക് കൃത്യം നടത്താന്‍ സഹായകരമായി. 

മൂവര്‍ സംഘത്തില്‍ ഒരാള്‍ റോഡിലും വയലിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു. മറ്റ് രണ്ടുപേര്‍ വീട് ലക്ഷ്യമാക്കി വയലിലൂടെ നടന്നു. പ്രദേശത്തൊന്നും ആളനക്കമില്ലെന്ന് ഉറപ്പാക്കിയ ശേഷം മൂന്നാമന്‍ വീട്ടിലേക്ക് കയറി. മോഷണം നടത്തി മടങ്ങുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. ഉത്സവത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍, കളത്തേര വീട്ടിലെ ജാനകി ടീച്ചറുടേയും ഭര്‍ത്താവ് കൃഷ്ണന്റെയും നിലവിളി പുറത്താരും ശ്രദ്ധിക്കാതിരുന്നത് കുറ്റകൃത്യം നടത്താന്‍ സഹായകമായി. സംഭവസ്ഥലത്ത് വച്ച് തന്നെ ജാനകി ടീച്ചര്‍ മരിച്ചിരുന്നു.

കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് വീഴുമ്പോള്‍ മക്കളേ നിങ്ങളാണോ എന്ന് ടീച്ചര്‍ ചോദിച്ചതായി ഭര്‍ത്താവ് ഭര്‍ത്താവ് കൃഷ്ണന്‍ നേരത്തെ പോലിസില്‍ മൊഴി നല്‍കിയിരുന്നു. ജാനകി ടീച്ചറെ മാരകമായി മുറിവേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കളത്തേര കൃഷ്ണനെയും മാരകമായി മുറിവേല്‍പ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം കൃഷ്ണന്‍ സുഖം പ്രാപിച്ചുവരുന്നു.