സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളില്‍ നിന്നും 3,14,920  പേര്‍ കഴിയുന്നു. ആഗസ്റ്റ് 8 മുതല്‍ സംസ്ഥാനത്ത് 164 പേര്‍ മരിച്ചു.

തിരുവനന്തപുരം: പ്രളയബാധിതമായ സംസ്ഥാനത്ത് സ്ഥിതിഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പകല്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും 82442 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളില്‍ നിന്നും 3,14,920 പേര്‍ കഴിയുന്നു. ആഗസ്റ്റ് 8 മുതല്‍ സംസ്ഥാനത്ത് 164 പേര്‍ മരിച്ചു.

ചെങ്ങന്നൂര്‍, ആലുവ, ചാലക്കുടി മേഖലകളിലാണ് പ്രധാനമായും രക്ഷദൗത്യം പ്രതിസന്ധി നേരിടുന്നത്. കനത്ത ഒഴുക്ക് രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വലിയ ബോട്ടുകള്‍ സമീപ ദിവസങ്ങളില്‍ രംഗത്ത് ഇറങ്ങും. കേന്ദ്രത്തോട് അറന്നൂറോളം യന്ത്ര ബോട്ടുകളും, കൂടുതല്‍ ഹെലികോപ്റ്ററുകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഒപ്പം തന്നെ നെടുമ്പാശ്ശേരിക്ക് പകരം കൊച്ചി വ്യോമ വിമാനതാവളം അനുവദിക്കാന്‍ തീരുമാനം ആയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിമാനകമ്പനികളുടെ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ കേന്ദ്രം ഇടപെടുന്നതില്‍ തീരുമാനം ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേ ശുദ്ധജലം ഉറപ്പാക്കാന്‍ സഹായിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷം ബോട്ടിലുകള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട്.