കൊച്ചി: ഭക്ഷണത്തിലെ മായം സംബന്ധിച്ച് സംസ്ഥാനവിജിലന്‍സ് വകുപ്പ് ത്വരിതാന്വേഷണം തുടങ്ങി. മലയാളികള്‍ പതിവായിക്കഴിക്കുന്നതിലെല്ലാം മായവും രാസവസ്തുക്കളും കലര്‍ന്നിട്ടുണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ട് പരമ്പര തെളിവായി സ്വീകരിച്ചാണ് സര്‍ക്കാര്‍ നടപടി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഉത്തരവനുസരിച്ച് എറണാകുളം യൂണിറ്റാണ് ത്വരിതാന്വേഷണം തുടങ്ങിയിരിക്കുന്നത്.
മത്സ്യത്തിലും മാസത്തിലും മാത്രമല്ല മലയാളികള്‍ പതിവായി കഴിക്കുന്ന പച്ചക്കറികളും പഴങ്ങളിലും ഹോട്ടല്‍ഭക്ഷണത്തിലും ബേക്കറി സാധനങ്ങളിലുമെല്ലാം മായവും വിഷാംശവും കലര്‍ന്നിട്ടുണ്ടെന്ന റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പരയുടെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ക്വിക് വെരിഫിക്കേഷന് ഉത്തരവിട്ടത്. മായം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട പത്ത് റിപ്പോര്‍ട്ടുകള്‍ തെളിവായി സ്വീകരിച്ചാണ് നടപടി.
മായം തടയേണ്ട സംസ്ഥാനത്ത ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ എന്താണ് ചെയ്യുന്നത്, കൃത്യമായ പരിശോധന നടത്തുന്നുണ്ടോ, സാന്പിളുകള്‍ ശരിയായ വിധത്തിലാണോ പരിശോധിക്കുന്നത്, മായം തടയേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യവിലോപമുണ്ടായോ എന്നിവയെല്ലാമാണ് പരിശോധിക്കുന്നത്. ത്വരിതാന്വേഷണത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടാല്‍ കേസെടുക്കാനാണ് നിര്‍ദേശം
ഭക്ഷണത്തിലെ മായം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് വിജിലന്‍സ് എറണാകുളം യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭക്ഷണത്തിലെ മായം തടയേണ്ട ഉദ്യോഗസ്ഥര്‍ അതിന് മുതിരാതെ കൈയ്യും കെട്ടി നോക്കി നിഷക്കുന്നതും അധികാര ദുര്‍വിനിയോഗത്തിന്റെ പരിധിയില്‍ വരുമന്നാണ് വിജിലന്‍സ് പറയുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ കേന്ദീകരിച്ച് ത്വരിതാന്വേഷണം.
