ചെങ്ങന്നൂര്‍: പ്രളയബാധിതര്‍ക്ക് വീട് വച്ച് നൽകാൻ സ്വന്തം ഭൂമി വിട്ട് നൽകി ചെങ്ങന്നൂര്‍ സ്വദേശിയുടെ മാതൃക. വെൺമണി സ്വദേശി ദാമോദരൻ നായരാണ് 90 സെന്‍റ് ഭൂമി സൗജന്യമായി പതിച്ച് നൽകിയത്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങ് നൽകിയ ദാമോദരനെ നാട്ടുകാര്‍  അനുമോദിച്ചു.

വെൺമണി പുന്തലേറത്ത് ദാമോദരൻ നായര്‍ വര്‍ഷങ്ങളായി മുംബൈയിൽ ജോലി നോക്കുകയായിരുന്നു. ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ തറവാട്ടിലെത്തും. സ്വന്തം നാട്ടിൽ ഭീതി പരത്തിയ പ്രളയത്തിൽ എല്ലാം നഷ്ടമായര്‍ക്ക് വീട് വയ്ക്കാൻ സ്ഥലം ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ്  ഭൂമി ധാനം ചെയ്യാൻ ദാമോദരൻ നായരെ പ്രേരിപ്പിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. 90 സെന്‍റ് ഭൂമി സന്നദ്ധ  സംഘടനയായ കരുണ പാലിയേറ്റീവ് കെയറിന് കൈമാറി. 

സ്ഥലത്ത് സര്‍ക്കാര്‍ സഹായം ഉറപ്പാക്കി 25 വീടുകളൊരുക്കുകയാണ് ലക്ഷ്യം.  മാതൃകാ പ്രവര്‍ത്തനം നടത്തിയ ദാമോദരൻ നായരേയും കുടുംബത്തേയും പൗരവാലി ആദരിച്ചു. അനുമോദനച്ചടങ്ങിൽ ഭൂമിയുടെ രേഖകൾ കൈമാറി.