ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണത്തിന് സമാപനമായി ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. കോരിച്ചൊരിയുന്ന മഴയിലും അത്യന്തം ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് ചെങ്ങന്നൂരിൽ പരസ്യ പ്രചാരണം കൊടിയിറങ്ങിയത്.
രണ്ടരമാസക്കാല നീണ്ട നാടിളക്കിയുള്ള പ്രചാരണത്തിനാണ് സമാപനമായത്. വൈകിട്ട് മൂന്നു മണിയോടെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ചെങ്ങന്നൂർ പട്ടണത്തിലേക്ക് നീങ്ങി.ആർപ്പ് വിളിച്ചും മുദ്രാവിടെങ്ങൾ മുഴക്കിയും കൊടികൾ വീശിയും ശക്തിപ്രകടനത്തിന്റെ അവസാന മണിക്കൂറുകൾ ആവേശഭരിതമാക്കി. '
നാലുമണിയോടെ ബഥേൽ ജംഗ്ഷനില് മൂന്നു മുന്നണികളുടെയും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. വിവിധ പഞ്ചായത്തുകളിലൂടെ റോഡ് ഷോ നടത്തിയ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചരണ വാഹനങ്ങളിൽ ഇവിടേക്ക് എത്തിയതോടെ ആവേശം അണപൊട്ടി. നാലരയോടെ മേഘാവ്യതമായ ആകാശത്തു നിന്ന് ചെങ്ങന്നൂരിന്റ ആവേശത്തിനു മേൽ മഴ പെയ്തിറങ്ങി.കോരിച്ചൊരിയുന്ന മഴയ്ക്ക് പ്രവർത്തകരുടെ ആവേശം തല്ലിക്കെടുത്തതായില്ല. സ്ഥാനാർഥികളുടെ വാഹനത്തിനു ചുറ്റും കനത്ത മഴയിലും പ്രവർത്തകർ നൃത്തം ചവിട്ടി. മഴ നനഞ്ഞ് സ്ഥാനാർഥികളും പ്രവർത്തകർക്കിടയിലൂടെ നീങ്ങി.
അഞ്ചു മണിക്ക് മഴ തെല്ലൊന്ന് ശമിച്ചതോടെ ആവേശം വീണ്ടും ഉച്ചസ്ഥായിയിലെത്തി. പ്രചരണ ഗാനങ്ങളുടെ താളത്തിനൊത്ത് പ്രവർത്തകർ നൃത്തം ചവിട്ടി . പരസ്യപ്രചരണത്തിന്റെ അവസാന മണിക്കൂറിൽ എല്ലാ മുന്നണിയും ശക്തിപ്രകടനത്തിൽ ഒപ്പത്തിനൊപ്പം നിന്നു. വൈകിട്ട് ആറുമണിയോടെ കൊട്ടിക്കലാശത്തിന് സമാപനം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വോട്ടെടുപ്പ് തിങ്കളാഴ്ച്ച.
