ചെങ്ങന്നൂര്‍: സമഗ്ര അഴിച്ചുപണിക്ക് കോണ്‍ഗ്രസ്, നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു
ദില്ലി: ചെങ്ങന്നൂർ തോൽവിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാൻഡ്. കേരള നേതാക്കളുമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ദില്ലിയിൽ നിർണ്ണായക ചർച്ച നടത്തും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എംഎം ഹസ്സൻ, വിഎം സുധീരൻ കെ.മുരളീധരൻ എന്നീ നേതാക്കളോട് ദില്ലിയിലെത്താൻ നേരത്തെ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു.
കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അവസാനവട്ട ചര്ച്ചയും രാജ്യസഭാ സീറ്റുമായിരുന്നു അജണ്ട. പക്ഷെ ചെങ്ങന്നൂരിൽ കനത്ത തോൽവിക്ക് ശേഷം ദില്ലി ചർച്ചയുടെ സ്വഭാവം മാറി. മത സാമുദായിക വോട്ടുകളുടെ എകീകരണം തിരിച്ചടിയായെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം എഐസിസി തള്ളിക്കളയുന്നു.
കേരളത്തിൽ പാർട്ടി തന്നെ ഇല്ലാതായെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രവർത്തനം പൊളിഞ്ഞെന്നുള്ള പരാതിപ്രളയവും ദില്ലിയിലെത്തിക്കഴിഞ്ഞു. ഹൈക്കമാന്റ് ലക്ഷ്യം അടിമുടിമാറ്റം തന്നെ. കെപിസിസി പ്രസിഡന്റ് യുഡിഎഫ് കൺവീനർ, രാജ്യസഭാ സ്ഥാനാർത്ഥി എല്ലം ഒറ്റ പാക്കേജായി വരും.
മുല്ലപ്പള്ളി രാമചന്ദ്രൻ,. കൊടിക്കുന്നിൽ സുരേഷ്, വിഡി സതീശൻ എന്നിങ്ങനെ അധ്യക്ഷസ്ഥാനാത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ട പേരുകളിലും മാറ്റം വന്നേക്കാം. തലമുറ മാറ്റത്തിനും ശൈലിമാറ്റത്തിനുമായുള്ള മുറവിളി ഉയരുന്നതിനിടെ കെഎസ് യു വാർഷികാഘോഷത്തിൽ സംസ്ഥാന നേതാക്കൾ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
നേതാക്കളുടെ സാന്നിധ്യത്തിൽ കെഎസ് യു പ്രസിഡന്റ് സംഘടനാ ദൗർബല്യമുണ്ടായെന്ന് വിമർശിച്ചു. ഗ്രൂപ്പിൻറെ അടിസ്ഥാനത്തിൽ അണ്ടനും അടകോടനും നേതൃസ്ഥാനത്തു എത്തുന്നത് നിർത്തണമെന്ന് പാർട്ടി മുഖപത്രം വീക്ഷണം വിമർശിച്ചു. ജൂബിലി ആഘോഷിക്കുന്ന നേതാക്കൾ പുതുതലമുറക്കായി മാറണമെന്നാണ് വീക്ഷണത്തിന്റെ ആവശ്യം.
