നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ചെങ്ങന്നൂർ: ചെങ്ങന്നൂർ നാളെ പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ചെങ്ങന്നൂർ ക്രിസറ്റ്യൻ കോളേജിൽ രാവിലെ 8 മണിയോട് കൂടിയാണ് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയത്. 1104 പോളിംഗ് ഉദ്യോഗസ്ഥർക്ക് ബൂത്തുകൾ നിശ്ചയിച്ച് നൽകി പോളിംഗ് സാമഗ്രികൾ കൈമാറി. ആലപ്പുഴ കളക്ടർ ടി.വി. അനുപമയെത്തി നടപടികൾ വിലയിരുത്തി. 199304 വോട്ടർമാർക്കായി 164 പോളിംഗ് ബൂത്തുകളും 17 സഹായ ബൂത്തുകളുമാണ് സജ്ജമാകുന്നത്. 17 സ്ഥാനാർഥികളും നോട്ടയും ഉൾപ്പടെ 18 പേർ ഉള്ളതിനാൽ ഒരു പോളിങ് ബൂത്തിൽ രണ്ട് വോട്ടിങ് യന്ത്രങ്ങൾ ഉണ്ടാകും.
വോട്ട് ചെയ്ത്ത് ആർക്കെന്ന് ഉറപ്പിക്കാൻ വി.വി. പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഉണ്ടാകും. കൂടാതെ ഹരിതചട്ടം പാലിക്കും. സത്രീ സൗഹൃദ ബൂത്തുകൾ, മാതൃകാ ബൂത്തുകൾ, കുടിവെള്ള വിതരണം, ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക സൗകര്യങ്ങൾ അടക്കം പോളിംഗ് ശതമാനം കൂട്ടാൻ നടപടികളും ഒരുക്കുന്നുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകൾ തത്സമയം നിരീക്ഷിക്കും.
