രണ്ടര മാസത്തെ പ്രചരണം പ്രധാന മുന്നണികളെക്കൂടാതെ 14 സ്ഥാനാര്‍ഥികള്‍

ചെങ്ങന്നൂര്‍: രണ്ടര മാസക്കാലം നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്തി ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലെ ശക്തിപ്രകടനങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മുന്നണികള്‍. ഇതോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. 

ത്രികോണ പോരാട്ടത്തിന്‍റെ ആവേശം തീര്‍ത്ത ദിവസങ്ങള്‍ക്കാണ് സമാപനമാകുന്നത്. എല്‍ഡിഎഫിന്‍റെ സജി ചെറിയാനും യുഡിഎഫിന്‍റെ ഡി.വിജയകുമാറും എന്‍ഡിഎയുടെ പി.എസ്.ശ്രീധരന്‍ പിള്ളയുമൊക്കെ തങ്ങളുടെ പ്രചരണം മോശമാക്കിയില്ലെന്ന അഭിപ്രായക്കാരാണ്. ഇവരെക്കൂടാതെ ആം ആദ്മി പാര്‍ട്ടിയുടേതടക്കം മറ്റ് 14 സ്ഥാനാര്‍ഥികളുമുണ്ട് ചെങ്ങന്നൂരില്‍. പരസ്യപ്രചരണത്തിന്റെ അവസാന ദിവസവും പരാമവാസി വോട്ടർമാരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. വൈകിട്ട് 3 നാണ് ചെങ്ങന്നൂർ പട്ടണത്തിൽ കൊട്ടിക്കലാശം തുടങ്ങുന്നത്. മൂന്ന് സ്ഥാനാർഥികളും റോഡ് ഷോ ആയി ഇവിടേക്ക് എത്തും. പിന്നെ രണ്ടു മണിക്കൂർ കലാശക്കൊട്ടിന്‍റെ ആവേശമാകും.

 എം.സി. റോഡില്‍ ഗവണ്‍മെന്‍റ് ആശുപത്രി ജംഗ്ഷനില്‍ എല്‍ഡിഎഫിന്‍റെയും ബഥേല്‍ ജംഗ്ഷനില്‍ യുഡിഎഫിന്‍റെയും റെയില്‍വേസ്റ്റേഷന് സമീപം എന്‍ഡിഎയുടേയും പ്രവര്‍ത്തകര്‍ ഒത്തുകൂടും. ഉച്ചക്ക് ശേഷം എം.സി. റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കല്ലിശ്ശേരി-പുത്തന്‍കാവ്-മുളക്കുഴ വഴി തിരിച്ചുവിടും.