പണ്ടുമുതലേ മത്സരിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ട് മത്സരിക്കുകയാണെന്നുമായിരുന്നു കെ. ശ്രീധരന്‍പിള്ളയുടെ പ്രതിരകരണം
ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി ഡി.വിജയകുമാറിന്റെ അപരന് എ.വിജയകുമാറിന്റെ നാമനിര്ദ്ദേശ പത്രിക കഴിഞ്ഞ ദിവസം തള്ളി. അതേസമയം എന്.ഡി.എ സ്ഥാനാര്ത്ഥിയുടെ അപരന് മത്സര രംഗത്തുണ്ട്. രണ്ട് അപരന്മാരും സി.പി.എമ്മിന്റെ മുന് ബ്രാഞ്ച് സെക്രട്ടറിമാരാണ്.
വിജയകുമാര്, ദേവസ്വം പറമ്പ്, തിരുവമ്പാടി പി.ഒ ആലപ്പഴ എന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്ത്ഥിയുടെ അപരന്റെ വിലാസം. മേല്വിലാസം തിരക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘം പോസ്റ്റോഫീസിലെത്തി. തിരുവമ്പാടി ദേശീയ പാതയോട് ചേര്ന്നുള്ള ക്ഷേത്രത്തിന്റെ പിറകിലാണെന്ന് മനസ്സിലാക്കി വിജയകുമാറിന്റെ വീട്ടിലേക്ക് പോയി. വിജയകുമാര് രാവിലെ തന്നെ വീട്ടില് നിന്ന് പോയിരുന്നു. വിജയകുമാര് സിപിഎമ്മിന്റെ പ്രവര്ത്തകനാണെന്നും മുല്ലയ്ക്കല് ബ്രാഞ്ച് അംഗമാണെന്നും ഭാര്യ പറഞ്ഞു. നാമനിര്ദ്ദേശ പത്രിക കൊടുത്തോയെന്ന് ചോദിച്ചപ്പോള് അതൊക്കെ പാര്ട്ടിയുടെ തീരുമാനമല്ലേ ഞങ്ങളൊന്നും പറഞ്ഞിട്ടല്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണം. വിജയകുമാര് ഓച്ചിറയിലെ ജോലി സ്ഥലത്തേക്ക് പോയെന്നായിരുന്നു വീട്ടുകാര് പറഞ്ഞത്. ഫോണില് വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. സൂക്ഷ്മ പരിശോധനയിലാണ് എ വിജയകുമാറിന്റെ പത്രിക തള്ളിയത്
എന്.ഡി.എ സ്ഥാനാര്ത്ഥി പി.എസ്. ശ്രീധരന്പിള്ളയുടെ അപരന് കെ. ശ്രീധരന്പിള്ളയെ അന്വേഷിച്ച് ഞങ്ങളെത്തിയത് മാവേലിക്കരക്ക് സമീപം വഴുവാടിയില്. വീട്ടില് കെ. ശ്രീധരന്പിള്ള ഉണ്ടായിരുന്നില്ല. തിരിച്ച് ചെങ്ങന്നൂരിലെത്തിയപ്പോള് പത്രികയുടെ സൂക്ഷ്മ പരിശോധനക്ക് ആര്.ഡി.ഒ ഓഫീസിലുണ്ട് സ്ഥാനാര്ത്ഥി. എന്.ഡി.എ സ്ഥാനാര്ത്ഥി പി.എസ്. ശ്രീധരന്പിള്ളയുടെ അപരനാണോ എന്ന് ചോദിച്ചപ്പോള് പണ്ടുമുതലേ മത്സരിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ട് മത്സരിക്കുകയാണെന്നുമായിരുന്നു പ്രതികരണം. തന്നെ അപരനെന്ന് വിളിക്കല്ലേയെന്ന അഭ്യര്ത്ഥനയും അദ്ദേഹത്തിനുണ്ട്. കെ. ശ്രീഘരന് പിള്ള സി.പി.എം പ്രവര്ത്തകനാണെന്ന് നാട്ടുകാരും പറയുന്നു. കെ. ശ്രീധരന്പിള്ളയുടെ സ്ഥാനാര്ത്ഥിത്വത്തിന് പിന്നില് സി.പി.എം ആണെന്നാണ് ബി.ജെ.പിയുടെ ആരോപണം. പക്ഷേ ആരോപണം ശരിയല്ലെന്ന് സി.പി.എമ്മും പറയുന്നു.
