ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ്: ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയതോടെ നിലംനികത്ത് രൂക്ഷം
ആലപ്പുഴ: ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് തിരക്കില് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയപ്പോള് ആലപ്പുഴ ജില്ലയിലും ചെങ്ങന്നൂരിലും വ്യാപക നിലംനികത്തൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ അഞ്ച് വില്ലേജുകളില് മാത്രം പതിനാല് സംഭവങ്ങളില് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കി. തെരഞ്ഞെടുപ്പായതിനാല് ജില്ലാ ഭരണ കൂടം നികത്തലുകാരെ പിടിക്കാന് പ്രത്യേക സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുകയാണിപ്പോള്.
തെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ പാണ്ടാനാട് വില്ലേജ് ഓഫീസ് പരിധിയില് ഉള്പ്പെടുന്ന പാണ്ടനാട് നെല്വയലിനോട് ചേര്ന്ന് ഇഷ്ടം പോലെ നികത്തിയെടുക്കുകയാണ്. പുരയിടത്തോട് ചേര്ന്ന കൃഷിനിലം മണ്ണിട്ടുയര്ത്തുന്നു. ഇതുപോലെ മണ്ഡലത്തിനകത്തും പുറത്തും നിലംനികത്ത് പൊടിപൊടിക്കുകയാണ്. ഹരിപ്പാട് കുമാരപുരത്ത് നികത്ത് തടഞ്ഞ് സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് വീണ്ടും നികത്തി.
രക്ഷയില്ലാതായപ്പോള് കേസെടുക്കാന് നിര്ദ്ദേശം നല്കിയിരിക്കുകയാണിപ്പോള്. കുമാരപുരത്ത് പെരിങ്ങാലയിലും ചെന്നിത്തലയിലും എന്നു വേണ്ട ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഇതാണവസ്ഥ. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും നികത്താനുള്ള മണ്ണും കൊണ്ടുള്ള ലോറികളുടെ എണ്ണം ഒരുപാട് കൂടിയെന്ന് പോലീസുദ്യോഗസ്ഥരും സമ്മതിക്കുന്നു. രാത്രിയും പകലുമുള്ള പരിശോധയ്ക്കായി രൂപീകരിച്ച പ്രത്യേക റവന്യൂ സംഘം എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്ക്ക് റിപ്പോര്ട്ട് സമര്പ്പിക്കുന്നുണ്ട്.
എത്ര പരിശോധന നടത്തിയാലും എല്ലാ ഭാഗങ്ങളിലും അനധികൃത നിലം നികത്ത് സജീവമായി തുടരുകയാണ്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് റവന്യൂ വകുപ്പിന് വലിയ തടസ്സമാണ്. ഡാറ്റാബാങ്ക് അന്തിമമായി പ്രസിദ്ധീകരിക്കാന് സര്ക്കാര് തയ്യാറാവാത്തതോടെ നികത്തിയവര്ക്കെതിരെ കേസെടുക്കാനുമാകുന്നില്ല. കേസുണ്ടാവില്ലെന്ന ധൈര്യത്തില് എത്ര ഏക്കറും നികത്തി കൊടുക്കാന് മാഫിയകളും ആലപ്പുഴയില് സജീവമാണ്.
