ചെങ്ങന്നൂരില്‍ സൈബര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം

ചെങ്ങന്നൂര്‍: മുന്‍കാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെങ്ങും കാണാത്ത ചില സംഗതികള്‍ ഇത്തവണത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാം. പ്രചരണ തന്ത്രങ്ങളിലെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം തന്നെയാണത്. കാംബ്രിഡ്ജ് അനലിറ്റിക്കയടക്കമുള്ളവ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും വോട്ടര്‍മാര്‍ക്ക് പുതുമയേറുന്നതാണ്. അര്‍ധസത്യങ്ങളും പെരും നുണകളും ഇല്ലാത്ത കണക്കുകളുടെ സഹയത്തില്‍ സത്യമായി പരിണമിക്കുന്ന അപൂര്‍വ സിദ്ധാന്തങ്ങളാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്‍റെ സൈബര്‍ പ്രചാരണങ്ങളില്‍ സജീവമാകുന്നത്. വിജയം മാത്രമാണ് ലക്ഷ്യം, മാര്‍ഗം ഏതുമാകാം... ഇതു തന്നെയാണ് മുന്നണി വ്യത്യാസമില്ലാതെ സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് തന്ത്രം.

വ്യക്തിഹത്യയില്‍ തുടങ്ങി ട്രോളുകളിലും സര്‍ക്കാസങ്ങളിലും കേന്ദ്രീകൃതമായാണ് ഇത്തവണത്തെ പ്രചാരണം മുന്നേറുന്നത്. വ്യക്തമായ സൈബര്‍ സ്വാധീനം ഉറപ്പിച്ച ബിജെപി, സിപിഎം എന്നീ രണ്ട് പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കോണ്‍ഗ്രസും സജീവമാണ്. എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് വിജയം മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ നിന്ന് തീര്‍ത്തും മാറിനടക്കുകയാണ് സൈബര്‍ ലോകം.

ഇവിടെ വിജയത്തിനായി ഭരണ നേട്ടമോ മറ്റ് പ്രാദേശിക സാമൂഹിക വിഷയങ്ങളൊന്നും വിശാലാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പകരം വ്യക്തിഹത്യയും ദേശീയ രാഷ്ട്രീയവും ജാതി,മത രാഷ്ട്രീയവും വ്യക്തിഹത്യയും യുദ്ധക്കളത്തിലെന്നപോലെ ഉപയോഗിക്കപ്പെടുന്നു. ഇതിന്‍റെ ഉദാഹരണമാണ് ഒരു വനിതാ നേതാവിനെ കുറിച്ചുള്ള അപമാനകരമായ പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഒരാള്‍ അറസ്റ്റിലായത്. ഇതിന് പുറമെ മൂന്ന് മുന്നണികളും പരസ്പരം കേസുകള്‍ നല്‍കിയിട്ടുമുണ്ട്. 

വര്‍ഗീയതയും ദേശീയ പ്രശ്നങ്ങളുമടക്കമുള്ള ആഗോള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മോദിയും പിണറായിയും മത്സരരംഗത്തുള്ളതിന് സമാനമായി, ഇരുവര്‍ക്കും വേണ്ടി വാദമുഖങ്ങള്‍ ഉയരുന്നു. ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ചെങ്ങന്നൂര്‍ എന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് എന്ന സംഗതിയെ മറന്നുകൊണ്ടാണെന്നതാണ് ശ്രദ്ധേയം. വികസനവും, പ്രാദേശിക പ്രശ്നങ്ങളും അഴിമതിയും ഒന്നും വിഷയമാകാത്ത പുത്തന്‍ പ്രചരണ രീതികള്‍ക്കാണ് മുന്നണികള്‍ സൈബര്‍ ഇടത്തെ ഉപയോഗിക്കുന്നത്. ഇത് കാംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള വ്യക്തി അഭിരുചികള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് ആക്കം കൂട്ടുന്നവയാണ്. ഇതു തന്നെയാണ് ചെങ്ങന്നൂരിനു വേണ്ടി മുന്നണികളുടെ സൈബര്‍ പോരാളികള്‍ ഉറപ്പു വരുത്തുന്നതും.

പരസ്പരം ചളിവാരിയെറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനും പ്രത്യേകം സൈബര്‍ വിങ്ങുകളുണ്ട്. പ്രചാരണങ്ങള്‍ക്ക് സസൂക്ഷ്മം പോസ്റ്റുകള്‍ തയ്യാറാക്കാനും നേരിട്ടും അല്ലാതെയും അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. സൈബര്‍ പ്രചാരകര്‍ അരയും തലയും മുറുക്കിയിറങ്ങിയ ചെങ്ങന്നൂരിന് മുന്‍ പരിചയമില്ലാത്ത ഈ തെരഞ്ഞെടുപ്പ് ഭാവിയില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന ജനവിധികളുടെ റിഹേഴ്സല്‍ ആണെന്നതില്‍ തര്‍ക്കമില്ല.