ചെങ്ങന്നൂര്‍: കെഎം മാണിയുടെ മനസ് ഇന്നറിയാം

ആലപ്പുഴ: ചെങ്ങന്നൂരിൽ മാണിയുടെ തീരുമാനം വരാനിരിക്കെ എൽഡിഎഫ് നേതാക്കൾക്ക് ആശയക്കുഴപ്പം. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവർ മാണിയെ അവഗണിക്കില്ലന്ന് എംഎം മണി പറഞ്ഞപ്പോൾ, മാണി ഒപ്പം ഇല്ലെങ്കിലും വൻ ഭൂരിപക്ഷത്തിൽ ജയി‌ക്കുമെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം. അതേസമയം കരുതലോടെയാണ് യുഡിഎഫ് ചുവടുകൾ.

മാണിയുടെ പിന്തുണയിൽ അനിശ്ചിതത്വം നിലനിന്നപ്പോൾ തന്നെ ആർജവത്തോടെ നിലപാട് പറഞ്ഞ സിപിഎം നേതാവ് വിഎസ് മാത്രമാണ്. കേരള കോൺഗ്രസ് തീരുമാനം വരാൻ മണികേകൂറുകൾ മാത്രം ശേഷിക്കെ മാണിയെ പിണക്കാതെ വിഎസിന്‍റെ നിലപാട് തള്ളുകയാണ് മന്ത്രി എംഎം മണി.

മാണിയെ മണി കുറച്ചുകാണുന്നില്ലെങ്കിലും ചാഞ്ചാടി നിൽക്കുന്ന കേരള കോൺഗ്രസ് എമ്മിൽ പ്രതീക്ഷ നഷ്ടപ്പെടുന്നു എന്ന സൂചനയാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പ്രധാന ചുമതലക്കാരൻ എംവി ഗോവിന്ദൻ നൽകുന്നത്. കേരള കോൺഗ്രസ് എം പിന്തുണയിൽ എൽഡിഎഫ് ആശയക്കുഴപ്പത്തിലെങ്കിൽ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. പ്രകോപനമൊന്നുമില്ലാതെ കരുതലോടെയാണ് യുഡിഎഫിന്‍റെ നീക്കങ്ങൾ.