പമ്പാനദി മറികടന്നും രക്ഷാപ്രവപര്‍ത്തനം നടത്തേണ്ടതുണ്ട്. നാല് വാര്‍ഡുകളില്‍ എത്തിച്ചേരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആറ് ദിവസമായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ് ഇവര്‍
ആലപ്പുഴ: പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ, തിരുവല്ല മേഖലയിൽ രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിൽ. മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം. 95 ശതമാനം ആളുകളെ തിരിച്ചെത്തിക്കാനായി എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബാക്കിയുള്ളവരെ കൂടി ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന പമ്പാതീരത്തുള്ള പാണ്ടനാട് മേഖല കേന്ദ്രീകരിച്ചായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക
തിരുവന്‍വണ്ടൂരിലും കുത്തിറോഡ്, ഇടനാട്, മംഗലം, കല്ലിശ്ശേരി ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പമ്പാനദി മറികടന്നും രക്ഷാപ്രവപര്‍ത്തനം നടത്തേണ്ടതുണ്ട്. നാല് വാര്‍ഡുകളില്‍ എത്തിച്ചേരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആറ് ദിവസമായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ് ഇവര്‍. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും ഇന്ന് നടക്കും. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാകും ഇവിടെ കൂടുതലായും നടക്കുക.
തിരുവനന്തപുരം, കൊല്ലം മേഖലകളില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. വെള്ളം ഇറങ്ങി തുടങ്ങിയതോടെ ചെറിയ മണ്‍തിട്ടകളിലും ഭിത്തികളിലും ഇടിച്ച് ഇവരുടെ വള്ളങ്ങള്‍ കേടുവരുന്നുണ്ട്. അതുകൊണ്ട് ചെറിയ വള്ളങ്ങളിലായിരിക്കും ഇനി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുക.
തിരുവല്ലാ താലൂക്കില്‍ മേപ്രാന്‍ നിരണം ഇരവിപേരൂര്‍ ചാത്തഞ്ചേരി, പരിമല, ആലപ്പുഴയിലെ അപ്പര്‍ കുട്ടനാട് ഭാഗത്തെ മുട്ടാര്‍ എടത്വന മേഖലയിലും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. നാവികസേനയുടെ എട്ട് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി തിരുവല്ലയില്‍ എത്തിയിട്ടുണ്ട്. വ്യോമമാര്‍ഗമാണ് ബോട്ടുകള്‍ എത്തിച്ചത്. ഈ ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതോടെ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ചിലര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ്. ഇവരെ നിര്‍ബന്ധിച്ച് ക്യാംപിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
