ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. സ്ഥാനാർഥികളെല്ലാം വോട്ടുറപ്പിക്കാനുള്ള അവസാന വട്ട തിരക്കിലാണ്. കൊട്ടിക്കലാശം കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കൾ ചെങ്ങന്നൂർ വിട്ടു. രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. 164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും.

നാല് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായപ്പോൾ, വാശിയേറിയ ത്രികോണ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ ഒന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനം മുതൽ കക്ഷി രാഷ്ട്രീയ സാധ്യതകൾ വരെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങളും വിധിയിൽ നിർണായകമാണ്.