തിരുവനന്തപുരം: വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ മതില്‍ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. 

സംഘടനാമനോഭാവത്തോടെ ഇത്രയധികം ആളുകളെ അണിനിരത്താന്‍ പിണറായി വിജയന്‍ മാത്രമേ സാധിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  തലയില്‍ അല്‍പമെങ്കിലും വിവരമുള്ളവര്‍ വനിതാ മതിലിന് എതിര് നില്‍ക്കുമോയെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള ചോദിച്ചു. മതിലിനെ എതിര്‍ക്കുന്നവര്‍ക്ക് മതിലില്‍ പങ്കെടുത്തവരെ ഒഴിവാക്കി ഇത്തരമൊരു മതില്‍ തീര്‍ക്കാന്‍ സാധിക്കുമോയെന്ന് ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്ര സംഭവമെന്നാണ് വി എസ് അച്യുതാനന്ദന്‍റെ പ്രതികരണം‍. ജാതിസംഘടനകളല്ല നവോത്ഥാനത്തിന്‍റെ പതാകവാഹകര്‍.  സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താല്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 

  620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്.  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി.