തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുസ്ലീം ലീഗും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിയമനത്തില്‍ ഇടപെട്ട മന്ത്രിയുടെ ഉദ്ദേശ സുദ്ധിയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഇത്തരം പരമാര്‍ശങ്ങള്‍ നേരിട്ട മന്ത്രിമാര്‍ അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് മുസ്‌ളീം ലീഗും അഭിപ്രായപ്പെട്ടു.

ബാലാവാകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമ വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചത്.ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം റദ്ദാക്കിയുള്ള ഉത്തരവിലായിരുന്നു വിമര്‍ശനം.തിയതി നീട്ടി നല്‍കി സിപിഎം പ്രവര്‍ത്തകനെ ബാലാവകാശ കമ്മീഷനില്‍ അംഗമായി നിയമിച്ചതാണ് മന്ത്രിയുടെ സ്വജനപക്ഷപാതമായി കോടതി കണ്ടത്.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി അയോഗ്യനാക്കിയ ബാലാവകാശ കമ്മീഷന്‍ അംഗം ടി.ബി. സുരേഷ് പറഞ്ഞു.

എന്തായാലും മന്ത്രിയുടെ സ്വജനപക്ഷപാത വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭത്തിനും സാധ്യതയേറുകയാണ്.