പി.ജെ കുര്യനുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നു  

തിരുവനന്തപുരം:പി.ജെ കുര്യനുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പി.ജെ കുര്യന്‍റെ തിരുവല്ലയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. ചെന്നിത്തലയുടേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു. സീറ്റ് നല്‍കിയതില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്ക്ക് അല്ലെന്നും പി.ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ സീറ്റ് കെ.എം മാണി സ്വപ്നം കണ്ടിട്ടുപോലും ഇല്ലെന്നും തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച കൗശലമാണിതെന്നുമായിരുന്നു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍റെ മുന്‍ ആരോപണം. 

അതേസമയം കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ യുഡിഎഫ് നേതാക്കളില്‍ വ്യാപകമായ എതിര്‍പ്പുണ്ട്. വി.റ്റി ബല്‍റാമും വി.എം സുധീരനും അനില്‍ അക്കരയും അടക്കമുള്ളവര്‍ ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. കഴിവുകെട്ടവര്‍ മാറണമെന്ന് അനില്‍ അക്കരയും കോണ്‍ഗ്രസ് മെച്ചപ്പെട്ട നേതൃത്വം അര്‍ഹിക്കുന്നതായി വി.റ്റി ബല്‍റാമും അട്ടിമറിയെന്ന് വി.എം സുധീരനും ആരോപിച്ചു.