കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച അപ്രതീക്ഷിത ഉപവാസ സമരം അണികളെ പോലും അശ്ചര്യപെടുത്തി. പ്രവര്‍ത്തകരെയോ, നേതാക്കളെയോ അറിയിക്കാതെ പൊട്ടെന്നായിരുന്നു ഉപവാസ സമരത്തിനുള്ള തീരുമാനം. വയനാട്ടിലെ പാര്‍ട്ടി പരിപാടിക്ക് പോകാനെത്തിയ രമേശ് ചെന്നിത്തല ഹര്‍ത്താല്‍ കാരണം കോഴിക്കോട് പെട്ടുപോയതോടെയാണ് ഇന്‍സ്റ്റന്റ് സമരം പ്രഖ്യാപിച്ചത്.
വയനാട്ടിലെ പാര്‍ട്ടി പരിപാടിക്ക് പോകാനെത്തിയ പ്രതിപക്ഷ നേതാവിന് അക്രമത്തിനെതിരെ സമരം നടത്താന്‍ ഉള്‍വിളി ഉണ്ടായത് രാവിലെ 9.30 ക്ക് ശേഷം.ഉപവാസം തുടങ്ങിയത് 10 ന്.വയനാട്ടിലെ പരിപാടി റദ്ദായി. തിരുവന്തപുരത്തേക്കുള്ള ട്രെയിന്‍ പിടിക്കാന്‍ നോക്കിയെങ്കിലും അത് നടന്നതുമില്ല. അതോടെ ഏതോ കുട്ടി നേതാവ് ഉപദേശിച്ച വിദ്യയാണ് ഉപവാസമെന്ന് ചില കോണ്‍ഗ്രസ്സുകാര്‍ തന്നെ അടക്കം പറഞ്ഞു.പെട്ടെന്ന് തട്ടികൂട്ടിയതാനില്‍ കസേര , പന്തല്‍ , മൈക്ക് തുടങ്ങിയ സജ്ജീകരണങ്ങളൊക്കെ എത്താന്‍ വൈകി. സമരം തുടങ്ങാന്‍ വൈകിയാല്‍ ചാനല്‍ ക്യാമറകള്‍ പോയാലോ എന്നായി സംഘടാകര്‍.
ഹര്‍ത്താലില്‍ തുല്യദു:ഖം നേരിട്ട കെപിസിസി പ്രസിഡന്റ് എം.എം ഹസ്സനെ കൊണ്ട് ഉപവാസം ഉദ്ഘാടനം ചെയ്യിച്ചു. ശ്രദ്ധ മാറാതിരിക്കാന്‍ നാല് മണിക്കൂറിനുള്ളില്‍ 3 വാര്‍ത്താ സമ്മേളനവും നടന്നു. സത്യാഗ്രഹ സമരമാണല്ലോ, ഗാന്ധിയെ മറക്കാന്‍ പാടില്ല. അതുകൊണ്ട് മുദ്രവാക്യത്തിലുടനീളം ഗാന്ധിക്ക് ജയ് വിളി ആയിരുന്നു ഹൈലൈറ്റ്. ഉപവാസം ഉദ്ഘാടനം 11 മണിക്കായിരുന്നെങ്കിലും അഞ്ച് മണിക്ക് തന്നെ അവസാനിപ്പിച്ചു.എന്തായാലും ഹര്‍ത്താല്‍ ദിനമായതിനാല്‍ അണികളെ എത്തിക്കാന്‍ കഷ്‌ടപെടേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിലാണ് കോഴിക്കോട്ടെ ഡിസിസി നേതൃത്വം.
