വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സി.പി.എം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം.
തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ച് ലോക കേരളസഭ സമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്മു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.
പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുന:രധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .ലോക കേരളസഭ സി.പി.എം -ന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവ പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സി.പി.എം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം. ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിൻ്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.


